Wednesday, 1 May 2013

കരാമ - ഹോര്‍-ല്‍-അന്‍സ് by Adv Sakeena (Notes) on Monday, October 11, 2010 at 6:51pm


അങ്ങിനെ മനസ്സില്ലാ മനസ്സോടെ ഉറക്കം നഷ്ടപ്പെട്ട വിഷമത്തില്‍ അല്‍ അത്താര്‍ സെന്ററിലേക്ക് നടന്നു. അവിടെ ഒറ്റ മലയാളികളെയും കണ്ടില്ല. സമാധാനമായി, ഞാന്‍ ആശ്വസിച്ചു. ഓരോ കടയ്ക്ക് മുന്നില്‍ നിന്നും ഫിലിപ്പീനീ പെണ്‍കുട്ടികള്‍ സ്നേഹത്തോടെ ക്ഷണിച്ചു കൊണ്ടേയിരുന്നു. പക്ഷേ അകത്തുളള സാധനങ്ങളുടെ ഉപയോഗം അറിയാത്തതിനാല്‍ ക്ഷണം സ്നേഹപുര്‍വ്വം നിരസിച്ചു, മുന്നോട്ടു നടന്നു, ഇന്റര്‍നെറ്റ്‌ കഫേയിലെത്തി. അവിടെയുണ്ടായിരുന്ന ചൈനകാരനും നന്നായി ചിരിച്ചു. എനിക്കൊരു കമ്പ്യൂട്ടര്‍ തന്നു. ഞാന്‍ ആദ്യം മെയില്‍ ചെക്ക്‌ ചെയ്തു.

ശിവറാമിന്റെ മെയില്‍ ഉണ്ടായിരുന്നു. അദ്ദേഹം ആഫ്രിക്കയിലാണത്രേ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനായി നമ്പര്‍ എഴുതിയിട്ടുണ്ട്. ശിവറാമും ആവര്ത്തിച്ചെഴുതി, ഗള്‍ഫ് ന്യൂസ്‌ നോക്കണം, സി.വി. അയക്കണം എന്നൊക്കെ. ഒന്നുരിയാടാന്‍ പോലുമാരുമില്ലാതെ ഡല്‍ഹിയില്‍ എല്ലാം തകര്‍ന്നു കരഞ്ഞു തളര്‍ന്ന നാളുകളില്‍ അക്ഷരങ്ങളിലുടെ ആശ്വാസവാക്കുതിര്‍ക്കാന്‍ ടൈസ് ഓഫ് ഇന്ത്യ തന്ന സുഹൃത്താണ് ശിവറാം. സ്വാര്‍ത്ഥത മാത്രം കണ്ടു ശീലിച്ച്ച എന്‍റെ ചുറ്റുപാടുകള്‍ക്കുള്ളില്‍ മനുഷ്യത്വത്തിനും അര്‍ത്ഥമുണ്ടെന്നു എന്നെ പടിപ്പിച്ച എന്‍റെ ഒരേയൊരു സുഹൃത്ത്.

ശിവരാമിന് മറുപടി എഴുതി. രണ്ടു മുന്ന് അഡ്രസിലേക്ക് സി.വി.അയച്ചു. തിരിച്ചു പോരാന്‍ ഒരുങ്ങിയപ്പോള്‍ കീര്‍ത്തി സെന്ററിലേക്കുള്ള ചെറിയ ഗേറ്റ് കാണുന്നില്ല. പകരം കണ്ട ഗേറ്റിലൂടെ ചെന്നപ്പോള്‍ എത്തിയത് ആലുക്കാസും സ്കൈ ജയൂവല്ലരിയും ഒക്കെയുള്ള ഒരു കെട്ടിടത്തില്‍. എന്തായാലും നിറയെ മലയാളികള്‍ ഉണ്ട്. നില്‍ക്കണോ വേണ്ടേ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ "സക്കീന എപ്പോ വന്നു, ആരും പറഞ്ഞില്ലല്ലോ" എന്നൊരു ചോദ്യം. നോക്കിയപ്പോ, സലാമിക്കയുടെ സാജുവാണ്. "നാട്ടിലാരോടും പറഞ്ഞില്ല", "ആരെയും കണ്ടില്ലേ?"ഇല്ല. "സാജു, ഞാന്‍ കീര്‍ത്തി രസ്റൊരന്റിന്റെ മുകളിലാണ് താമസിക്കുന്നത്. അങ്ങോട്ടുള്ള വഴി തെറ്റി വന്നതാ ഇവിടെ, ഒന്ന് വഴി പറഞ്ഞു തരാമോ?"സാജു വഴി കാണിച്ചു തന്നു, പോരാന്‍ നേരം അപ്പുറത്തെ ചാച്ചൂസും ഇപ്പുറത്തെ ദിര്‍ഹം ട്ട്രീയും കാണിച്ചു തന്നിട്ട് പറഞ്ഞു, ഇത് നമ്മുടെ കടകളാണ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വന്നോളൂ, അളിയന്‍ അകത്തുണ്ട്.ഇതിനിടയില്‍ നല്ലൊരു ടോപ്പ് കണ്ണില്‍ പെട്ടിരുന്നു, അടുത്തുള്ള മറ്റൊരു കടയില്‍, അതൊന്നു നോക്കാനോരുങ്ങുംബോഴാണ്, ചോദ്യം വന്നു പെട്ടത്. ഇനി ടോപ്പും വേണ്ട, കൊട്ടും വേണ്ട,ഉള്ള നേരത്തെ സ്ഥലം വിടാമെന്ന് കരുതി പറഞ്ഞു തന്ന വഴിയിലൂടെ നേരെ മുറിയില്‍ എത്തി.

തിരിച്ചു വന്നപ്പോള്‍ സമയം രണ്ടു മണി. കീര്‍ത്തിയിലെ നമ്പര്‍ മിനാക്ഷി തന്നിട്ടുണ്ടായിരുന്നു. ഊണ് ഓര്‍ഡര്‍ ചെയ്തു. റഫീഖ് ചിരിച്ചുകൊണ്ട് ഊണുമായെത്തി. ഇനിയോന്നുറങ്ങണം സ്വൈര്യമായി. ഉറങ്ങാന്‍ കിടന്നു, പക്ഷേ മീനാക്ഷി നേരത്തെ എത്തി. റൂം കാണാന്‍ ആളുകള്‍ വരുന്നുണ്ടത്രേ. ആദ്യം വന്നത് ഷേര്‍ലി ആണ്. ഒരു കസിനും കൂടെ ഉണ്ടായിരുന്നു, ഫൈനലൈസ് ചെയ്തു പോയി, അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും വന്നു, ലഗ്ഗെജോക്കെ ആയിട്ട്. വൈകിട്ട് ആയപ്പോഴേക്കും ജൂഡി വന്നു. അവര്‍ ഒരേ ബെഡിന്റെ താഴെയും മുകളിലുമായി. ആ ആത്മബന്ധത്തില്‍ ചിരിച്ചു, വര്‍ത്തമാനം പറഞ്ഞു, കുട്ടുകാരികളായി. ഞാന്‍ എന്‍റെ ആത്മ പാതിയെത്തുന്നതും കാത്തു താഴത്തെ ബെഡില്‍ കണ്ണും തുറന്നു കിടന്നു.

നാസരിക്കയെ വിളിച്ചു സാജുവിനെ കണ്ട വിവരം പറഞ്ഞു. "ആഹാ, സാജുവിനെ മാത്രമേ നീ കണ്ടുള്ളൂ, ചാച്ചൂസിന്റെ അകത്തു കയറിയില്ലേ, അക്കരത്തെ നിഷാദും ഇക്കരത്തെ സമീറും എല്ലാവരും അവിടെ ഉണ്ട്, അതാണ്‌ കരാമ സെന്റെര്‍, അതിന്റെ തൊട്ടു പുറകിലാണ് മിസിരി അമ്മായി താമസിക്കുന്നത്, നിനക്കൊന്നു പോകാമായിരുന്നില്ലേ".പോന്നു നാസറിക്കാ, ഈ, അമ്മായിമാരേം എളാപ്പമാരേം ഒന്നും കാണാതിരിക്കാനാ ഞാന്‍ നാട്ടീന്നു പോന്നത്. ഒരു "എസ്കെപിസം" അല്ലെങ്കില്‍ ഒരു "അസൈലം". "നിന്റെ ഇഷ്ടം". ഞാന്‍ മൂടിപ്പുതച്ച്ചു കിടന്നുറങ്ങി.

പിറ്റേന്ന് വന്ന സിത്താര മീനാക്ഷിയോടൊപ്പം കൂടി. ഇവരെല്ലാവരും ജോലി വിസയില്‍ വന്നവരായതിനാല്‍ പിറ്റേന്ന് മുതല്‍ ജോലിക്ക് പോകാനും തുടങ്ങി. അവസാനം ആനിയെത്തി, ഞാന്‍ ഒറ്റയ്ക്കല്ലെന്നു വിളിച്ചറിയിച്ചുകൊണ്ട്.

ഗള്‍ഫ് ന്യൂസ് വാങ്ങലും സി.വി അയയ്ക്കലും മുറയ്ക്ക് നടന്നു കൊണ്ടേയിരുന്നു. ഇതിനിടെ അയച്ച സി.വി കളില്‍ നിന്ന് ചിലരൊക്കെ ഇന്റര്‍വ്യൂവിനു വിളിക്കാനും തുടങ്ങി. ആദ്യം വിളിച്ചത് ഹോര്‍-ലാന്സില്‍ അബൂഹൈല്‍ സെന്ടരിനടുത്തുള്ള ഒരു പാലസ്തീനിയുടെ ഓഫീസില്‍ നിന്നുമാണ്. പിറ്റേ ദിവസം രണ്ടു മണിയായപ്പോള്‍ നാസറിക്ക വന്നു. ഓഫീസിലെത്തി, കാര്യമായൊന്നും ചോദിച്ചില്ല. ഒരു സ്ത്രീയാണ് അഭിമുഖം നടത്തിയത്, ബോസ് അമേരിക്കയിലാണത്രെ. അടുത്തയാഴ്ച വരും, സി.വി. അയച്ചു കൊടുത്തിരുന്നു, ഓഫീസില്‍ വന്നു ട്രെയിനിംഗ് ചെയ്തോളാന്‍ പറഞ്ഞിട്ടുണ്ട്, വിസയെല്ലാം വന്നിട്ട് ശരിയാക്കാം എന്നൊക്കെ പറഞ്ഞു.

തിരിച്ചു പോരാനൊരുങ്ങുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ജോലിക്കാരന്‍ പരിചിത ഭാവത്തില്‍ ചിരിക്കുന്നു. എനിക്ക് മനസ്സിലായില്ല."കുട്ടിക്കെന്നെ ഓര്‍മ്മയുണ്ടോ. ഞാന്‍ തന്നെ ആപ്ടെക്കില്‍ വെബ് ഡിസൈനിംഗ് പഠിപ്പിച്ചിട്ടുണ്ട്.

വെബ് ഡിസൈനിംഗ് എന്ന പേരില്‍ ആപ്ടെക്കിലും എറണാകുളത്തെ ഒട്ടു മിക്ക കമ്പ്യൂട്ടര്‍ സെന്ററിലും പോയി ഫ്ലാഷും ഡ്രീം വീവറും ഇ.എക്സ്. നെക്സ്റ്റ് ജനരേഷനും ടാലിയുടെ എല്ലാ വേര്ഷനും പഠിച്ചു എന്നതല്ലാതെ അതിലൊന്ന് പോലും ഓര്‍മയില്ല, പിന്നല്ലേ സാറിനെ ഓര്‍ക്കുക. എന്തായാലും സാരെന്നോട് പറഞ്ഞു, കുട്ടി ഇവിടെ ജോലിക്ക് വരണ്ട. ഉള്ള നേരത്തെ സ്ഥലം വിട്ടോ, ഇതിന്റെ ഉടമസ്ഥന്‍ ഒരു പാലസ്തീനിയാണ്, ഞാന്‍ ഇവിടെ കുടുങ്ങി ഇരിക്കുകയാണ്. എന്റെ പാസ്പോര്‍ട്ട് അവന്റെ കയ്യിലാണ്, അത് കിട്ടാന്‍ വേണ്ടിയാണ് ഇവിടെ കഴിയുന്നത്‌.

ഞാന്‍ യാത്ര പറഞ്ഞു പോന്നു, നാസരിക്കയോട് വിവരം പറഞ്ഞു. "പാലസ്തീനി എങ്ങിനെയുമാകട്ടെ, നീ നാളെ തുടങ്ങി അവിടെ പോയി ഇരുന്നോ, ഇവിടുത്തെ അക്കൌണ്ടിംഗ് രീതി നാട്ടിലെത് പോലെയല്ല. അറ്റ്‌ ലീസ്റ്റ് അത് പടിച്ചെടുക്കാമല്ലോ, പാസ്പോര്‍ട്ട് കൊടുക്കാതിരുന്നാല്‍ മതി". അക്കൌണ്ടിങ്ങും കോസ്റ്റു അക്കൌണ്ടിങ്ങുമെല്ലാം പടിച്ചിട്ടുന്ടെന്നതല്ലാതെ അതിന്റെ എ, ബി, സി,ഡി, അറിയില്ല, അതിനാല്‍ ആ ഐഡിയ എനിക്കും നല്ലതായി തോന്നി.

അങ്ങിനെ പിറ്റേ ദിവസം മുതല്‍ അവിടെ പോയി തുടങ്ങി. അവിടെ റ്റാലിയോന്നുമില്ലായിരുന്നു. ഖ്യുക്ക് ബുക്കും പീച് ട്രീയുമാണ്. പാസ്പോര്‍ട്ട് കൊടുത്ത് കുടുങ്ങി പോയ വേറൊരു ഫിലിപ്പീനി മദ്യവയസ്കയാണ് അടുത്തിരുന്നു ജോലി ചെയ്യുന്നത്. അവര്‍ ചിലതൊക്കെ പഠിപ്പിച്ചു തന്നു, പിന്നെ അവിടെയും ഇവിടെയും കുത്തി പഠിച്ചു കൊണ്ടിരുന്നു. അതിനിടയില്‍ അവര്‍ അവരുടെ കഥ പറഞ്ഞു കരഞ്ഞു, ഭര്‍ത്താവുപെക്ഷിച്ച്ചു, രണ്ടു മക്കളുണ്ട്, അവരെ വളര്‍ത്താനാണ് കഷ്ട്ടപ്പെട്ടു ഇവിടെ വന്നിരിക്കുന്നത്.

ഞാന്‍ കേട്ടുകൊണ്ടിരുന്നു, അതല്ലാതെ എനിക്കെന്തു ചെയ്യാനാകും. ലോകത്തിലെവിടെ പോയാലും മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണല്ലോ നമ്മുടെ സ്ത്രീത്വതിന്റെതെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പിന്നെ എന്റെ കവിതയും ചോല്ലാമായിരുന്നു, മലയാളിയായിരുന്നുവെങ്കില്‍. മിണ്ടാതിരുന്നു.

രണ്ടു മൂന്നു ദിവസം കരാമ-ഹോര്‍ ലാന്‍സ് യാത്ര തുടര്‍ന്നതിനാല്‍ ബസ്സില്‍ യാത്ര ചെയ്യുന്നതും ടിക്കട്ടെടുക്കുന്നതുമൊക്കെ പഠിച്ചു, പീച് ട്രീയും ക്യുക്ക് ബുക്കുമൊന്നും പഠിച്ചില്ലെങ്കിലും. വീണ്ടും വീണ്ടും ഇന്ടര്‍വ്യൂവിനുള്ള ക്ഷണം കിട്ടികൊണ്ടിരുന്നതിനാല്‍ ആ ജോലി തല്‍കാലം ഉപേക്ഷിച്ചു ഒരാഴ്ച കഴിഞ്ഞു അമേരിക്കയിലായിരുന്ന പലസ്തീനി ഒഫരുകളുടെ നീണ്ട പട്ടികയുമായി മെയില്‍ അയച്ച്ചുവെങ്കിലും ആ ഭാഗത്തേക്ക് പിന്നീട് തിരിഞ്ഞു നോക്കിയില്ല

Friday, 15 February 2013

2. ഗള്‍ഫ്‌ ന്യൂസ്‌

ദുബായില്‍ എത്തുന്ന ഏതൊരു പ്രവാസിയും കടന്നു പോകേണ്ട ആദ്യത്തെ പടിയാണ് , "ഗള്‍ഫ്‌ ന്യൂസ്‌ ” എന്ന യു .എ .ഇ ദേശീയ ദിനപത്രം. പിറ്റേ ദിവസം നാസറിക്ക വിളിച്ചു പറഞ്ഞു , വിസിറ്റ് വിസയിലെ ഓരോ ദിവസവും പ്രധാന പെട്ടതാണ് , ഉറങ്ങി നശിപ്പിക്കരുത് . താഴെ ഗ്രോസറിയില്‍ ഗള്‍ഫ്‌ ന്യൂസ്‌ കിട്ടും . എന്താപ്പാ , ഈ ഗ്രോസറി . . അതെല്ലാം നമ്മുടെ മലയാളികളുടെ സാമ്രാജ്യമാണ്‌ . വളരെ അപൂര്‍വ്വമായി ഇറാനികളെയും കാണാം . അവിടെ ഉപ്പു മുതല്‍ ഞൊട്ടാഞൊഡിയന്‍ വരെ കിട്ടും. ഞൊട്ടാഞ്ഞൊടിയനെന്നാല്‍ നമ്മുടെയെല്ലാം കാടുകളിലുണ്ടാകുന്ന ഒരു തരം മധുരമുള്ള പഴമാണു.

അറബിനാടെന്നാല്‍ മരുഭൂമിയാണെന്നും അവിടെ ഒട്ടകങ്ങളും കാരക്കമരങ്ങളും വരിവരിയായും നിരനിരയായും കാണുമെന്നെല്ലാം പാടിയത് പണ്ട്. ഇപ്പോള്‍ കപ്പങ്ങയും കദളിപ്പഴവും ഞാലിപ്പൂവനുമെല്ലാം അട്ടിയട്ടിയായും കുലകുലയായും കിടക്കുന്ന ജെ-മാറ്ട്ടും ലുലുവുമെല്ലാമാണിവിടെ.

അങ്ങിനെ കുളിച്ചു സുന്ദരിയായി താഴെ ഗ്രോസറിയിലെത്തി. ഗള്‍ഫ് ന്യൂസ് കണ്ടില്ല. നോക്കി നടന്നപ്പോള്‍ ആദ്യം കിട്ടിയത് സ്റ്റരോബറി മില്‍ക്ക് ആണു. മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് ശേഷം അതിനെ കണ്ട സന്തോഷത്തില്‍ ആ റാക്കില്‍ കണ്ട മൂന്നും മറ്റാരും എടുക്കും മുംബേ എടുത്തു മാറ്റി വെച്ചു.സൗദിയിലെ സമ്പാദ്യമാണു സ്റ്റ്രോബറി മില്‍ക്കിനോടും മക് ടോനാല്ട് ചിക്കനോടുമുള്ള കൊതി. കടക്കാരനോടു ചോദിച്ചു, "Do you have Gulf News Daily”?"
മോള്‍ക്കെത്ര എണ്ണം വേണം. അയാള്‍ തിരിച്ചു ചോദിച്ചു. മലയാളത്തില്‍ പറഞ്ഞാല്‍ പോരേ? മലയാളികളെ കണ്ടാല്‍ അറിയില്ലേ? മീനാക്ഷിയുടെ റുമില്‍ പുതിയതാണല്ലേ? അയാള്‍ കുശലാന്വെഷണം തുടങ്ങി. നാടെവിട്യാ? വീടെവിട്യാ? വിട്ടില്‍ ആരൊക്കെയുണ്ട്? ഭറ്ത്താവെവിടെ? എന്ത് ചെയ്യുന്നു? വിസിറ്റിലാണോ?
എംബ്ലോയ്മെന്റിലാണോ?" "ദുബായില്‍ ഒരു ന്യൂസ് പേപ്പറ് കിട്ടണമെങ്കില്‍ ഇതെല്ലാം പറയണോ? എനിക്ക് വേണ്ട". "ഇല്ല തരാം". അങ്ങിനെ ഗള്‍ഫ് ന്യൂസും ചുമന്നു റുമില്‍ എത്തി. വാര്‍ത്തകള്‍ വായിക്കാനല്ല . ജോലി തേടുന്നവര്‍ക്കുള്ള പരസ്യം നോക്കാന്‍ . ഈ പരസ്യങ്ങള്‍ രണ്ടു വിഭാഗമുണ്ട് . ഒന്ന് , അപ്പൊയിന്ടുമെന്‍സ് എന്ന തൊലി വെളുത്ത അല്ലെങ്കില്‍ വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ളത് , രണ്ടു , ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2 വിലുടെ എത്തുന്ന താഴ്ന്ന വര്‍ഗത്തിനുള്ളത് .

ആദ്യം അപ്പോയിന്റ്മെന്റ്സ് തുറന്നു. ആഹാ, എത്ര വേക്കന്‍സി അള്ളാ, ദുബായില്‍ ,കണ്ണു തള്ളിപ്പോയി.പിന്നെയല്ലേ അറിഞ്ഞത് അതെല്ലാം വെള്ളക്കാര്‍ക്ക് ഉള്ളതാണെന്ന്. അപ്പോയിന്റ്മെന്റ്സ് വിഭാഗത്തിലെ ജോലികളെല്ലാം അയ്യായിരം ദിര്‍ഹത്തിനു മുകളിലുള്ളതും പേരെടുത്ത കന്സല്ടന്റ്റ് കമ്പനികള്‍ പരസ്യം ഇടുന്നതുമായിരിക്കും . ഈ പരസ്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഇവയ്ക്കെല്ലാം യോഗ്യതയുടെ മാനദണ്ഡം തൊലിയുടെ കളറോ രാജ്യതിര്‍ത്തിയോ ആണ് . മുകളില്‍ ഒരു വലിയ തലക്കെട്ട്‌ കാണാം . യു. സ്‌ /യു.കെ / ഓസ് / സ. ആ എടുക്കെട്ടട് ഒണ്‍ലി നീഡ്‌ ടു അപ്ലൈ . പിന്നെയാണ് യോഗ്യതാ പരിഞ്ജാനം . അന്നാണ് എനിക്കാദ്യമായി മനസ്സിലായത്‌ , വെള്ളക്കാരനും അറബിക്കുമിന്നും ബുദ്ടിയും ബോധവും തലയിലല്ല ,തൊലിയില്‍ തന്നെയാണെന്ന്.

പിന്നെ ക്ലാസ്സിഫൈട്സ് എന്ന സാധാരണ ക്കാരന്റെ തൊഴിലന്വേഷണ പംക്തി . ഇതില്‍ മിക്കവാറും തൊഴിലുടമകള്‍ ഇന്ത്യക്കാരോ , അതായത് മലയാളികളോ ആയിരിക്കും.പാവം ഞാന്‍ ക്ലാസിഫൈഡ്സ് തുറന്നു. ആദ്യം കിട്ടിയത് ഹൗസ് മെയ്ഡ്, ഡ്രൈവറ് പേജ്. വലിച്ചെറിയാന്‍ തോന്നി.

ആദ്യം നാസറിക്കയെ വിളിച്ചു, ഫോണ്‍ അറബിയിലെന്തോ പറയുന്നു. പിന്നെ സഞ്ജയിനെ വിളിച്ചു, അയാളൊരു ഹിന്ദി സുഹൃത്താണ്, “Don’t worry sakeena, there are good vacancies in classifieds also. You just note down the fax number or email id and give a miss call to me. Your cv is with me. I have modified it. I will send to all those numbers”.

ഞാനൊരു മൂന്നാല് നമ്പര്‍ നോട്ട് ചെയ്തു , മിസ്സ്‌ കാള്‍ ചെയ്തു , അന്നത്തെ ജോലി കുശാല്‍ . കൊടുത്ത നമ്പരെല്ലാം ഏതോ വക്കീലാപ്പീസിലെ ആയിരുന്നു . ഇനി ഭക്ഷണം കഴിക്കണം.താഴെ റസ്ടോറന്‍ടീന്നു വാങ്ങിക്കാന്‍ നാസറിക്ക പറഞ്ഞിരുന്നു.
റസ്ടോറന്‍ടില്‍ ചെന്നപ്പോള്‍ പച്ചേം പച്ചേം ഉടുപ്പിട്ട കാണാന്‍ നല്ല ചന്ദമുള്ള ഒരു പയ്യന്‍ വന്നു നിന്ന് ചിരിച്ചു . ഞാനും നന്നായി ചിരിച്ചു . എന്താ വേണ്ടെന്നു ചോദിച്ചു . എന്താ ഉള്ളതെന്ന് ഞാനും . മലയാള അക്ഷര മാലേലെ ആ എന്ന അപ്പത്തില്‍ തുടങ്ങി ഹ ഹല്‍വ വരെ അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞപ്പോ ഞാന്‍ ഞെട്ടിപ്പോയി .

എന്തായാലും ദുബായില്‍ ഭക്ഷണത്തിനു ക്ഷാമമില്ലെന്ന് മനസ്സിലാക്കി ഞാന്‍ ഇടലി ഓര്‍ഡര്‍ ചെയ്തു . ഭക്ഷണം കഴിച്ചു അയാള്‍ക്ക്‌ ടിപ് കൊടുത്തപ്പോള്‍ അതിനുമറിയണം പേരും നാടുമെല്ലാം . എന്തായാലും ഭക്ഷണം കിട്ടിയ സന്തോഷത്തില്‍ ഞാനതെല്ലാം അങ്ങ് പറഞ്ഞു . അപ്പോഴേക്കും മണി പതിനൊന്നായി . ഇനിയൊരു ജോലിയുമില്ല . ഞാനും എന്‍റെ ബെഡ് സ്പേസും മാത്രം . കിടന്നുറങ്ങുക തന്നെ . ളുഹറായി അസറായി എന്നും പറഞ്ഞു തലേല് വെള്ളമൊഴിക്കാനും തല്ലിപ്പോളിക്കാനും ഉമ്മചിയില്ല , സമാധാനമായിട്ട് ഒരൊന്നന്നര ഉറക്കം ഉറങ്ങണം . ബെഡ് സ്പേസിനു നന്ദി പറഞ്ഞു ഞാന്‍ ഉറങ്ങാന്‍ കിടന്നു . പത്തു മിനിറ്റു കഴിഞ്ഞില്ല , നാസറിക്ക വിളിക്കുന്നു . “നീ എന്തെടുക്ക്വാ അവിടെ ? .
ഞാനോ ? ഞാനിവിടെ മുടിപ്പുതച്ച്ചു കിടന്നുറങ്ങാനോരുങ്ങുകയായിരുന്നു . “നീ ഗള്‍ഫ് ന്യൂസ്‌ വാങ്ങിയില്ലേ ?” ഉവ്വ് , “എന്നിട്ട് ,” ഞാന്‍ സഞ്ജയന് മിസ്കാള്‍ അടിച്ചു പറഞ്ഞു കൊടുത്തു നമ്പര്‍ എല്ലാം . “ആരാ സഞ്ജയ്‌ ?” എന്‍റെ ഒരു ഫ്രണ്ട് , “എവിടത്ത് കാരനാ ”? ബോംബെ കാരന്‍ . “കണ്ടിട്ടുണ്ടോ ?” ഇല്ല . “വേറെ ആരെങ്കിലുമുണ്ടോ മിസ്കാള്‍ അടിക്കാന്‍ ”. ഒരു സുടാനിയുടെ നമ്പര്‍ അറിയാം വിളിച്ചിട്ടില്ല . സുടാനിയേം ബോംബെ കാരനേം ഒക്കെ വിളിച്ചു , നാളെ അവര് കാണാന്‍ വരും , പിന്നെ കൂടെ കാറില്‍ കേറി പോയേക്കരുത്‌ , ഇത് നാടല്ല . ഓര്‍ത്തോ" .

ഇല്ല ഇക്ക , ഇക്കാക്കെന്നെ അറിയില്ലേ , എറണാകുളം , ഡല്‍ഹി ,മദ്രാസ്‌ ,ബാംഗ്ലുരോക്കെ അടിച്ചു പൊളിച്ചിട്ട്‌ ഒരാളും എന്നെ കൊണ്ടോയില്ല ,പിന്നല്ലേ സുഡാനി .

നീ ഒരു പണി ചെയ്യ് , ആ ഗള്‍ഫ് ന്യുസിലെ ക്ലാസ്സിഫൈട്സ് ഒന്ന് കൂടി നോക്കി ഇമെയില്‍ എടുത്തു കീര്തീടെ തൊട്ടടുത്ത്‌ അല്‍ അത്താര്‍ സെന്റര്‍ ഉണ്ട് , അവിടെ ഇന്റര്‍നെറ്റ്‌ കഫെ ഉണ്ട് , അതിലേക്കെല്ലാം സി വി അയയ്ക്കു , കെടന്നുറങ്ങാതെ. ശോ , ഒടുക്കത്തെ ഒരു ഗള്‍ഫ്‌ ന്യുസ് .

Tuesday, 12 February 2013

ഗള്‍ഫ് എയര്‍

ഇന്ന് ആഗസ്ത് ഒന്ന്. സന്ദര്‍ശക വിസയില്‍ മുമ്പ് ദുബായ് കണ്ടിട്ടുണ്ടെങ്കിലും കുടുംബവിസയില്‍ സൌദിയില്‍ താമസിച്ചിട്ടുണ്ടെങ്കിലും അഞ്ചു വര്‍ഷം മുമ്പുള്ള ഒരു ആഗസ്ത് ഒന്നിനാണ് എന്‍റെ പ്രവാസ യാത്ര ആരംഭിക്കുന്നത്. പോകാന്‍ തിരുമാനിക്കുമ്പോഴും വിസ തരപ്പെടുത്തുമ്പോഴുമെല്ലാം
ഉമ്മ കാലില്‍ വീണ് പറഞ്ഞു, "മോളേ, ഇന്ന് നിന്റെ മോന് വാപ്പ മാത്രമേ ഇല്ലാതുള്ളൂ, അതിനു ഉമ്മയെ കുടി നഷ്ടപ്പെടുത്താനായി നീ ഈ യാത്ര പോകരുത്".
"ഇല്ലുമ്മാ, ഒന്നിന് മേല്‍ നുറായി വീഴുന്ന അപമാന ഭാരം സഹിച്ചു ഈ നാട്ടില്‍ നില്‍ക്കാനെനിക്ക് വയ്യ. ഞാന്‍ പോകുകയാണ്."
യാത്ര പറഞപ്പോള്‍ മുഖത്ത് പോലും നോക്കിയില്ല, ഉമ്മ. കൂടെ വിമാനത്താവളത്തിലേക്ക് വരാനൊരുങ്ങിയ സഹോദരങ്ങളെ വിലക്കുകയും ചെയ്തു. അടുത്തുള്ള എയര്‍ പോര്‍ട്ടിലേക്ക് യാത്രയായപ്പോള്‍ ഒരിക്കലും കരുതിയില്ല, ഈ യാത്ര ഇത്ര ഭയാനകമായിരിക്കുമെന്ന്.
അബുദാബി വഴി ദുബായിലേക്കുള്ള ഗള്‍ഫ് എയറിന്റെ വിമാനത്തിലായിരുന്നു, യാത്ര. രാത്രി പതിനൊന്നു മണിയോടെ അബുദാബിയിലെത്തി. യാത്ര ക്കരോടെല്ലാം ഒരു മുലയില്‍ വിശ്രമിക്കാന്‍ പറഞ്ഞു. വിശ്രമിച്ചു വിശ്രമിച്ചു മണി മുന്നായിട്ടും ദുബായിലേക്കുള്ള വിമാനമെത്തുന്നില്ല. വിമാനം റദദാക്കിയത്രേ. ഇനി ധൈര്യമായി വിശ്രമിക്കാം. കാത്തിരിപ്പിന്റെ വീര്‍പ്പുമുട്ടലില്ലല്ലോ. ഇതിനിടെ കുശലാന്വെഷണങ്ങളുമായി സൌഹൃദങ്ങളുമെത്തി. ദുബായിലെ ഒരു കമ്പനിയില്‍ ജോലിക്ക് പോകുന്ന കുറെ ആണ്‍കുട്ടികളും ലണ്ടനിലേക്ക് പോകുന്ന നേഴ്സായ ലിന്സിയുമായും പരിചയത്തിലായി.
ദുരെ നിരയില്‍ നിന്നും ഒരു വിദേശി സ്ത്രി കുറെ നേരമായി എന്നെ ശ്രദ്ധിക്കുന്നു. എവിടെയോ പരിചയമുള്ളത് പോലുണ്ട്. പക്ഷേ ലൊക്കേറ്റു ചെയ്യാന്‍ സാധിക്കുന്നില്ല. അവസാനം അവര്‍ അടുത്ത് വന്നു. "Yes Sakeena, you know me, we were there together in Shivananda Ashram"
ശരിയാണ്, നെയ്യാര്‍ ഡാമിലെ ശിവാനന്ദാശ്രമത്തില്‍ യോഗ പടിക്കാന്‍ പോയപ്പോള്‍ ഇവരുണ്ടായിരുന്നു, ഒരാഴ്ച്ച കൂടെ. അവര്‍ അഡ്രസും ഫോണ്‍നമ്പരും തന്നു ഒന്ന് കെട്ടിപ്പിടിച്ച്ചിട്ടു പോയി.
വിണ്ടും ഞങ്ങള്‍ വിശേഷങ്ങളിലേക്ക് തിരിഞ്ഞു. തമാശ പറഞ്ഞു, ചിരിച്ചു, ഇതിനിടെ ലിന്സിയുടെ വിമാനം വന്നു, പോയി. പാവം ഇതൊന്നുമറിഞ്ഞില്ല. അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ ഉച്ചയ്ക്ക് രണ്ടു മണിക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റി വിടാമെന്നുറപ്പ് നല്‍കി.
സാരമില്ല, നമുക്ക് കുറച്ചു നേരം കുടി വര്‍ത്തമാനം പറയാന്‍ കിട്ടുമല്ലോയെന്നു പറഞ്ഞു പുര്‍വ്വാധികം ശക്തിയോടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു.
ഇതിനിടയില്‍ നേരം വെളുത്തു. ഒമ്പത് മണിയായി, പത്തു മണിയായി. ആരും പച്ചവെള്ളം പോലും തരുന്നില്ല. ആരോ പറഞ്ഞു, ബ്രേക്ക് ഫാസ്റ്റ് അറേഞ്ച് ചെയ്യുന്നുണ്ടെന്ന്. പല്ല് തേക്കാതെ, കുളിക്കാതെ, പാറിപ്പറന്ന മുടിയും ഉറക്കം ബാക്കി നില്‍ക്കുന്ന കണ്ണുകളുമായി അടുത്ത ക്യു, ബ്രേക്ക് ഫാസ്ടിനായി. ഉച്ചയ്ക്ക് ഒരു മണിയോടെ ഫാസ്റ്റു ബ്രേക്കായി. ഇതിനകം കുട്ടുകാരിക്ക് പോകാനുള്ള സമയമായി.കണ്ണീരോദെ ഞങ്ങള്‍ വിട പറഞ്ഞു.
അബുദാബിയില്‍ നിന്നും ദുബായിലേക്ക് ബസ്സിലോ കാറിലോ ഒന്നര മണിക്കൂര്‍ യാത്രയേയുള്ളൂ. പക്ഷേ വിസ ദുബായ് എയര്‍ പോര്‍ട്ടില്‍ നിന്നും ശേഖരിക്കണം.വിസയില്ലാതെ വിമാനത്താ വളത്തിനു പുറത്ത് കടക്കാനാവില്ല. കയ്യിലുണ്ടായിരുന്ന ചില്ലറ ദിര്‍ഹം അറിയാവുന്ന നമ്ബരിലെക്കെല്ലാം വിളിച്ചു തീര്‍ത്തിരുന്നു.
എന്തിനധികം, അവസാനം ഒരു നാല് മണിയോടെ ഗള്‍ഫ് എയറിലെ യാത്രക്കാരെയെല്ലാം എമിറേറ്റ്സിന്റെ ഒരു വിമാനത്തിലാക്കി ദുബായിലെത്തിച്ച്ചു. വിമാനത്താവലത്തിലെത്തി ബന്ധുവായ നാസറിക്കയെ വിളിച്ചു, അര മണിക്കുറിനകം നാസറിക്കയെത്തി. കരാമയില്‍ ഒരു ബെട് സ്പേസും ഉറങ്ങാനാവശ്യമായ സൌകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. മിനാക്ഷിയാണ് വാതില്‍ തുറന്നത്. മിനാക്ഷി ബോംബെകാരിയാണ്. രണ്ടു നിലയുള്ള കുറെ കറുത്ത കട്ടിലുകളും മിനാക്ഷിയും ഞാനും മാത്രമേ അന്ന് ആ ഫ്ലാടിലുണ്ടായിരുന്നുള്ളൂ. നടുവൊന്നു നിവര്‍ത്തി ഇരിക്കാന്‍ പോലും കഴിയാത്തതാണോ മലയാളിയുടെ സ്വര്‍ഗമായ ദുബായിലെ അവസ്ഥ.
രാത്രി ഉറക്കം വന്നില്ല. കുഞ്ഞിന്റെ മുഖവും ഉമ്മച്ചിയുടെ വാക്കുകളും കാതില്‍ പ്രതിധ്വനിക്കുന്നു.